Holi 2024 : വർണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഇന്ന് ഹോളി

Holi 2024 Celebrations : ഹോളിഗ ദഹന്‍, ധുലന്ദി എന്നിങ്ങിനെ രണ്ട് ദിവസങ്ങളിലായിട്ടാണ് ഹോളി ആഘോഷിക്കുന്നത്. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് ഇന്ന് മാർച്ച് 25-ാം തീയതി നിറങ്ങളുടെ ദിവസമായി ആചരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 25, 2024, 06:23 AM IST
  • മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് മറ്റ് മത വിഭാഗങ്ങളും ആഘോഷിക്കുന്നുണ്ട്.
  • രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളിക്കുള്ളത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ.
  • രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് ഇന്ന് മാർച്ച് 25-ാം തീയതി നിറങ്ങളുടെ ദിവസമായി ആചരിക്കുന്നത്.
Holi 2024 : വർണങ്ങളാൽ വസന്തം വിരിയിച്ച് രാജ്യം; ഇന്ന് ഹോളി

ഇന്ന് രാജ്യമെങ്ങും ഹോളി ആഘോഷത്തിലാണ്. ശൈത്യത്തിന്റെ കാഠിന്യത്തോട് വിട പറഞ്ഞ് നിറങ്ങൾ പരസ്പരം വാരിയെറിഞ്ഞ് വസന്തത്തിന്റെ വരവ് ആഘോഷിക്കുകയാണ് ഓരോരുത്തരും. വിപുലമായ ആഘോഷങ്ങളാണ് വടക്കെ ഇന്ത്യയിലും തലസ്ഥാനമായ ഡൽഹിയുടെ പല ഭാഗങ്ങളിലും നടക്കുന്നത്. വീടുകളിലും തെരുവുകളിലും അടക്കം ആഘോഷങ്ങൾ പൊടിപൊടിക്കുകയാണ്. കേരളത്തിന് ചില ഇടങ്ങളിൽ ഹോളി ആഘോഷിക്കപ്പെടാറുണ്ട്. മുഖ്യമായും ഹൈന്ദവ ആഘോഷമായ ഹോളി ഇന്ന് മറ്റ് മത വിഭാഗങ്ങളും ആഘോഷിക്കുന്നുണ്ട്. രണ്ടു ദിവസത്തെ ആഘോഷമാണ് ഹോളിക്കുള്ളത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിവസമായ ധുലന്ദിയാണ് ഇന്ന് മാർച്ച് 25-ാം തീയതി നിറങ്ങളുടെ ദിവസമായി ആചരിക്കുന്നത്.

വിശ്വാസങ്ങൾ അനുസരിച്ച് ഹോളിയുടെ ദിവസം പരസ്പരം നിറങ്ങൾ അണിയിക്കുന്നത് ശത്രുത ഇല്ലാതാക്കാൻ സഹായിക്കും. ഹൈന്ദവ വിശ്വാസമനുസരിച്ച് ഫാൽഗുനമാസത്തിലെ പൗർ‌ണമി ദിവസമാണ് ഹോളി ആഘോഷിക്കാറുള്ളത്. കൂടാതെ പൗർണമി ദിവസം പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയിൽ ഹോളി ആഘോഷം ആരംഭിക്കുമെന്നാണ് വിശ്വാസം. അന്നാണ് ഹോളി ദഹൻ നടത്തുന്നത്. അതിന് അടുത്തുള്ള ദിവസമാണ് നിറങ്ങള്‍ കൊണ്ടുള്ള  ഹോളി ആഘോഷം.

ALSO READ : Holi 2024: ഹോളിയിൽ അപൂർവ സംയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടവും കർമ്മരംഗത്ത് ഉയർച്ചയും!

ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളും ഐതിഹ്യങ്ങളുമാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്‌. ഹിന്ദു പുരാണത്തിലുള്ള പ്രഹ്ലാദന്‍റെ കഥയാണ്‌ മുഖ്യമായും ഹോളിയുടെ അടിസ്ഥാനം. എന്നാല്‍ കൃഷ്ണനും രാധയും തമ്മിലുള്ള പ്രണയം, കാമദേവന്‍റെ ത്യാഗത്തിന്‍റെ കഥ എന്നിങ്ങനെ ഹോളിക്ക് വിവിധ ഐതിഹ്യങ്ങളുണ്ട്. ഉത്തരേന്ത്യയില്‍ ഹോളിയഘോഷത്തിന് പിന്നില്‍ മുഖ്യമായും പ്രഹ്ളാദന്‍റെ കഥയാണ്‌ വിശ്വസിക്കപ്പെടുന്നത്.

പ്രഹ്ലാദന്‍റെ പിതാവ്‌ ഹിരണ്യകശ്യപുവിന്‍റെ സഹോദരിയായിരുന്നു ഹോളിഗ. മൂന്നു ലോകങ്ങളും കീഴടക്കിയ ഹിരണ്യകശ്യപു ഭഗവാൻ വിഷ്ണുവിനെ വരെ തനിക്കു കീഴടക്കാനാകുമെന്നു അഹങ്കരിച്ചു.  ആരും വിഷ്ണുവിനെ ആരാധിക്കരുതെന്നും മൂന്നു ലോകത്തിലുമുള്ള സകലരും തന്നെ ആരാധിക്കണമെന്നും ഹിരണ്യകശ്യപു ഉത്തരവിട്ടു.

തന്‍റെ അഞ്ചുവയസുകാരനായ മകൻ പ്രഹ്ലാദനെ മാത്രം അയാൾക്കു ഭയപ്പെടുത്താനായില്ല. തികഞ്ഞ ഈശ്വരവിശ്വാസിയായിരുന്നു പ്രഹ്ലാദൻ. അതുകൂടാതെ വിഷ്ണുവിന്‍റെ ഭക്‌തനും. അച്ഛന്‍റെ ആജ്ഞയെ ധിക്കരിച്ചു പ്രഹ്ലാദൻ വിഷ്ണുവിനെ ആരാധിച്ചുകൊണ്ടിരുന്നു. കുപിതനായ ഹിരണ്യകശ്യപു പ്രഹ്ലാദനെ വധിക്കാൻ  ഉത്തരവിട്ടു. എന്നാൽ വിഷ്ണുവിന്‍റെ ശക്‌തിയാൽ പ്രഹ്ലാദനെ ആർക്കും ഒന്നും ചെയ്യാനായില്ല.

ഒടുവിൽ, ഹിരണ്യകശ്യപു തന്‍റെ സഹോദരി ഹോളിഗയുടെ സഹായം അഭ്യർഥിച്ചു. ഹോളിഗയ്ക്ക് അഗ്നിദേവൻ ഒരു വരം നല്‍കിയിരുന്നു. അഗ്നിദേവന്‍ സമ്മാനിച്ച വസ്‌ത്രമണിഞ്ഞാൽ അഗ്നിക്കിരയാകില്ലെന്ന വരമായിരുന്നു അത്. പക്ഷെ ഒറ്റയ്ക്കു തീയിലിറങ്ങിയാൽ മാത്രമേ വരത്തിനു ശക്‌തിയുണ്ടാവൂ എന്ന് ഹോളിഗ അറിഞ്ഞിരുന്നില്ല. ഹിരണ്യകശ്യപുവിന്‍റെ ആജ്ഞപ്രകാരം ഹോളിഗ പ്രഹ്ലാദനെയും കൈകളിലെടുത്തു അഗ്നിയിലേക്കിറങ്ങി. വിഷ്ണുവിന്‍റെ അനുഗ്രഹത്താൽ പ്രഹ്ലാദൻ പൊള്ളൽ പോലും ഏൽക്കാതെ രക്ഷപ്പെട്ടു. ഹോളിഗ തീയിൽ വെന്തുമരിക്കുകയും ചെയ്‌തു. 

തിന്മയുടെ മേൽ നന്മ നേടിയ വിജയം ആഘോഷിക്കാൻ ഹോളിയുമായി ബന്ധപ്പെട്ടു ഹോളിഗയെ കത്തിക്കുന്ന ചടങ്ങുണ്ട്‌. ഇതാണ് 'ഹോളിഗ ദഹന്‍'. ഹോളിയുടെ തലേന്ന് രാത്രിയാണ് ഈ ചടങ്ങ് നടക്കുന്നത്. അഗ്നിയ്ക്കു ചുറ്റും വലം വച്ച് ആളുകള്‍ നന്മയുടെ വിജയത്തിനായി ആ അവസരത്തില്‍ പ്രാര്‍ത്ഥിക്കും. ഈ ദിവസം ചില ആളുകള്‍ പിതൃക്കളെ സ്മരിച്ച് അവര്‍ക്കുവേണ്ടി പ്രത്യേക പൂജ നടത്താറുണ്ട്‌.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News