Hridyam: കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തും; ശസ്ത്രക്രിയക്ക് ശേഷം പരിചരണം ഉറപ്പാക്കാനും പദ്ധതി

Kerala Government: ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഹൃദ്യം പദ്ധതിയുടെ ലക്ഷ്യം.

Written by - Zee Malayalam News Desk | Last Updated : Apr 12, 2024, 03:01 PM IST
  • ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കാനുമയി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു
  • അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു
  • ഇതിനായി വെന്റിലേറ്റര്‍, ഐസിയു ആംബുലന്‍സ് സേവനവും നല്‍കി വരുന്നു
Hridyam: കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തും; ശസ്ത്രക്രിയക്ക് ശേഷം പരിചരണം ഉറപ്പാക്കാനും പദ്ധതി

തിരുവനന്തപുരം: ജന്മനായുള്ള ഹൃദ്രോഗം സമയബന്ധിതമായി ചികിത്സിക്കാനുള്ള ആരോഗ്യ വകുപ്പിന്റെ ഹൃദ്യം പദ്ധതിയിലൂടെ 7272 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തിയതായി ആരോ​ഗ്യ വകുപ്പ്. ഹൃദ്രോഗത്തിന്റെ തീവ്രതയനുസരിച്ച് കാലതാമസമില്ലാതെ കുഞ്ഞുങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുകയാണ് ഹൃദ്യം പദ്ധതിയുടെ ലക്ഷ്യം. ഹൃദ്യം പദ്ധതിയിലൂടെ ചികിത്സയ്ക്കായി ആകെ 21,060 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതില്‍ 13,352 പേര്‍ ഒരു വയസിന് താഴെയുള്ളവരാണെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി.

ആകെ രജിസ്റ്റര്‍ ചെയ്തവരില്‍ ശസ്ത്രക്രിയ ആവശ്യമായ 7,272 കുട്ടികള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഇതുവരെ 4526 കുഞ്ഞുങ്ങള്‍ക്കാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്. കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ സംവിധാനം ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേര്‍ന്ന് നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ ഹൃദ്യം പദ്ധതി വ്യാപിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ALSO READ: ഉയർന്ന താപനിലയിൽ ചിക്കൻപോക്സ് പടരാൻ സാധ്യത; ശ്രദ്ധിക്കേണ്ടത് ഇക്കാര്യങ്ങൾ

ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകീകരിക്കാനുമയി ഹൃദ്യം വെബ് സൈറ്റ് വിപുലീകരിച്ചു. അടിയന്തര സ്വഭാവമുള്ള കേസുകളില്‍ 24 മണിക്കൂറിനകം വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നു. ഇതിനായി വെന്റിലേറ്റര്‍, ഐസിയു ആംബുലന്‍സ് സേവനവും നല്‍കി വരുന്നു. ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞുങ്ങളില്‍ സമയബന്ധിതമായി ഹൃദയ ശസ്ത്രക്രിയ നടത്തിയാല്‍ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താനാകും. നവജാത ശിശുക്കള്‍ മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ഈ പദ്ധതിയിലൂടെ സേവനം ലഭ്യമാക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രസവിക്കുന്ന മുഴുവന്‍ കുഞ്ഞുങ്ങള്‍ക്കും ഹൃദ്രോഗ പരിശോധന ഉറപ്പാക്കുന്നുണ്ട്. എല്ലാ കുട്ടികള്‍ക്കും പരിചരണം ഉറപ്പാക്കാന്‍ വീടുകളിലെത്തിയും അങ്കണവാടികളിലും സ്‌കൂളുകളിലും സ്‌ക്രീനിംഗ് നടത്തുന്നുണ്ട്. ഹൃദ്രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ എക്കോ ഉള്‍പ്പെടെയുള്ള വിദഗ്ധ പരിശോധന നടത്തും. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍ പ്രസവം മുതലുള്ള തുടര്‍ ചികിത്സ ഉറപ്പാക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ ആശുപത്രികളിലോ, എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലോ ശസ്ത്രക്രിയ ലഭ്യമാക്കും.

ALSO READ: ആരോ​ഗ്യം മികച്ചതായി നിലനിർത്താൻ രോ​ഗപ്രതിരോധശേഷി മികച്ചതാകണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത്

ഒമ്പത് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്തിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി ഉള്‍പ്പെടെ കൂടുതല്‍ ആശുപത്രികളില്‍ കുഞ്ഞുങ്ങളുടെ ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള സംവിധാനം ഒരുക്കുന്നുണ്ട്. ഹൃദ്യത്തിലൂടെ ഹൃദ്രോഗ ചികിത്സ ലഭിച്ച കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയും വികാസവും ഉറപ്പാക്കുന്ന തുടര്‍പിന്തുണാ പദ്ധതിയും നടത്തുന്നുണ്ട്. സാധാരണ കുഞ്ഞുങ്ങളെ അപേക്ഷിച്ച് ഇത്തരം കുട്ടികള്‍ക്ക് കൂടുതല്‍ പരിചരണം ആവശ്യമാണ്. ഈ കുഞ്ഞുങ്ങളെ പരിശോധന നടത്തി അതില്‍ പ്രശ്‌നമുണ്ടെന്ന് കണ്ടെത്തിയവര്‍ക്ക് ഡിസ്ട്രിക്റ്റ് ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ സെന്ററുകള്‍ വഴി തുടര്‍ ചികിത്സ ഉറപ്പാക്കുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News