Kottayam accident: കോട്ടയത്ത് ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരൻ മരിച്ച സംഭവം; കൂടുതൽ പേർക്ക് പരിക്ക്

Kottayam lorry accident: പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾക്കും മറ്റൊരാൾക്കുമാണ് പരിക്കേറ്റത്. 

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 02:07 PM IST
  • കയറിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്കും മറ്റൊരാൾക്കും പരിക്കേറ്റു.
  • പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾക്കാണ് പരിക്കേറ്റത്.
  • കോട്ടയം സ്വദേശി മുരളിയാണ് ലോറിയിലെ കയറിൽ ചുറ്റി ദാരുണമായി മരിച്ചത്.
Kottayam accident: കോട്ടയത്ത് ലോറിയിലെ കയർ കാലിൽ കുരുങ്ങി കാൽനട യാത്രക്കാരൻ മരിച്ച സംഭവം; കൂടുതൽ പേർക്ക് പരിക്ക്

കോട്ടയം: കോട്ടയത്ത് ലോറിയിലെ കയറിൽ ചുറ്റി കാൽനട യാത്രക്കാരൻ മരിച്ച സംഭവത്തിൽ കൂടുതൽ പേർക്ക് പരിക്ക്. ബൈക്ക് യാത്രികരായ ദമ്പതികൾക്കാണ് പരിക്കേറ്റത്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയുടെ ഡ്രൈവറും ക്ലീനറും പോലീസ് കസ്റ്റഡിയിലാണ്.

കോട്ടയം സ്വദേശി മുരളിയാണ് ലോറിയിലെ കയറിൽ ചുറ്റി ദാരുണമായി മരിച്ചത്. തേപ്പുകടയിലെ ജീവനക്കാരനായിരുന്ന മുരളി വെളുപ്പിനെ ചായ കുടിക്കാൻ പോയപ്പോഴായിരുന്നു അപകടം. കയറിൽ കുരുങ്ങിയ മുരളിയെ നൂറു മീറ്ററിലധികം ലോറി വലിച്ചിഴച്ചു കൊണ്ടുപോയി. മുരളിയുടെ ഒരു കാൽ ശരീരത്തിൽ നിന്ന് വേർപ്പെട്ട് സംഭവ സ്ഥലത്തിന് നൂറുമീറ്റർ അകലെയാണ് കിടന്നിരുന്നത്. അപകടം നടന്നത് ലോറി ഡ്രൈവർ അറിഞ്ഞിരുന്നില്ല. മുരളി അപകടത്തിൽപ്പെടുന്നതിന് മുൻപ് അഴിഞ്ഞു കിടന്ന കയറിൽ കുരുങ്ങി ബൈക്ക് യാത്രികരായ ദമ്പതികൾക്കും മറ്റൊരാൾക്കും പരിക്കേറ്റു. പെരുമ്പായിക്കാട് സ്വദേശികളായ ദമ്പതികൾക്കാണ് പരിക്കേറ്റത്. ഇരുവരും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. 

ALSO READ: വൈക്കത്ത് വീണ്ടും തെരുവ് നായയുടെ ആക്രമണം; ഹെൽത്ത് സെന്റർ ജീവനക്കാരിക്ക് പരിക്കേറ്റു

അതേസമയം, പച്ചക്കറി ലോറിയിലെ കയർ കുരുങ്ങി അപകടമുണ്ടായത് ഡ്രൈവർ അറിഞ്ഞിരുന്നില്ല. അടുത്ത കടയിൽ വാഹനം നിർത്തിയ ശേഷം കയർ കാണാതെ വന്നതോടെ ഡ്രൈവർ ബൈക്കിൽ അന്വേഷിച്ച് ഇറങ്ങിയപ്പോഴാണ് സംഭവം അറിയുന്നത്. ഇയാളോട് അപകട വിവരം പറഞ്ഞ നാട്ടുകാരാണ് ഡ്രൈവറെ പോലീസിൽ ഏൽപ്പിച്ചത്. ചേർത്തല സ്വദേശിയുടേതാണ് ലോറി. തമിഴ്നാട്ടുകാരായ ഡ്രൈവർ ജീവരാജ്, ക്ലീനർ രാഹു എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുരളിയുടെ മൃതദേഹത്തിൻറെ ഇൻക്വസ്റ്റ് നടപടികൾ നടന്നുവരികയാണ്. 

അമിതവിലയും പൂഴ്ത്തിവെയ്പ്പും; കോട്ടയം ജില്ലയിലുടനീളം കളക്ടറു‌ടെ നേതൃത്വത്തിൽ മിന്നൽ പരിശോധന

കോട്ടയം: അമിതവിലയും പൂഴ്ത്തിവയ്പും തടയാൻ കോട്ടയം ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന. കളക്ടർ വി. വിഗ്‌നേശ്വരിയുടെ നേതൃത്വത്തിൽ സംയുക്ത സ്ക്വാഡാണ് പരിശോധന നടത്തിയത്. 108 വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 50 ക്രമക്കേടുകൾ കണ്ടെത്തി.

വിപണിയിലെ അമിത വില നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് കോട്ടയം ജില്ലയിലുടനീളം സംയുക്ത സ്ക്വാഡ് മിന്നൽ പരിശോധന നടത്തിയത്.  ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷാവകുപ്പ്, പൊതുവിതരണ വകുപ്പ്, റവന്യൂ, പോലീസ് എന്നീ വകുപ്പുകൾ സ്ക്വാഡിൽ ഉൾപ്പെടുന്നു.  വിലവിവരപട്ടിക പ്രദർശിപ്പിക്കാതെയും പായ്ക്കറ്റുകളിൽ കൃത്യമായ വില രേഖപ്പെടുത്താതെയും കാലാവധി കഴിഞ്ഞ ഉൽപന്നങ്ങൾ വിൽപനയ്ക്കുവച്ചതും അടക്കമുള്ള ക്രമക്കേടുകൾ പരിശോധനയിൽ കണ്ടെത്തി. 

108 പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിലായി അൻപതോളം ക്രമക്കേടുകളാണ് കണ്ടെത്തിയത്.  പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടില്ലായിരുന്നു. വിലവിവരപട്ടിക പ്രദർശിപ്പിക്കാത്ത വ്യാപാരസ്ഥാപനങ്ങൾക്കും കാലാവധി കഴിഞ്ഞ വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യസുരക്ഷ അടക്കം മതിയായ ലൈസൻസുകളില്ലാത്ത പ്രവർത്തിക്കുന്നവർക്കുമെതിരേ കർശന നടപടിയുണ്ടാകും. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന്  ജില്ലാ കളക്ടർ വി. വിഗ്നേശ്വരി പറഞ്ഞു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയും ജില്ലയിൽ കളക്ടറുടെ നേതൃത്വത്തിൽ പരിശോധന നടന്നിരുന്നു. പല കടകളിലും ഭക്ഷ്യസുരക്ഷ ലൈസൻസ് പുതുക്കിയിട്ടുപോലുമില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള ലൈസൻസ് പോലുമില്ലാതെയാണ് മണർകാട് ഗ്രാമപഞ്ചായത്തിലെ മൊത്ത വ്യാപാര സ്ഥാപനം പ്രവർത്തിച്ചതെന്ന് റെയ്ഡിൽ കണ്ടെത്തി. നടപടിയെടുക്കാൻ സ്ഥലത്തു പരിശോധന നടത്തിയ കളക്ടർ വി. വി​ഗ്നേശ്വരി പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. മണർകാട് ടൗണിലെ ഹൈപ്പർമാർക്കറ്റുകളിൽ കളക്ടർ നേരിട്ടു നടത്തിയ പരിശോധനയിൽ കാലാവധി കഴിഞ്ഞ നിരവധി ഉത്പ്പന്നങ്ങൾ പിടിച്ചെടുത്തു. പായ്ക്ക് ചെയ്ത വസ്തുക്കളിൽ വിലയോ തൂക്കമോ കാലാവധിയോ രേഖപ്പെടുത്താത്ത പാമ്പാടിയിലെ പലചരക്ക് വ്യാപാര സ്ഥാപനത്തിന് ലീഗൽ മെട്രോളജി വകുപ്പ് 5000 രൂപ പിഴയടിച്ചു.

അഞ്ച് താലൂക്കുകളിലായി ആറു സ്ക്വാഡായി തിരിഞ്ഞായിരുന്നു പച്ചക്കറി, പലചരക്ക് മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലും സൂപ്പർമാർക്കറ്റുകളിലും പരിശോധന. റെയ്ഡിന് ജില്ലാ സപ്‌ളൈ ഓഫീസറും താലൂക്ക് സപ്‌ളൈ ഓഫീസർമാരും നേതൃത്വം നൽകി. വരും ദിവസങ്ങളിലും സമാനമായ രീതിയിൽ പരിശോധന തുടരും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News