KG George : മരം ചുറ്റി പ്രണയത്തിൽ നിന്നും മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ അതുല്യപ്രതിഭ; കെ.ജി ജോർജിന് വിട

KG George Malayalam Legendary Director : ചെമ്മീൻ സിനിമയുടെ സംവിധായകൻ രാമു കാര്യട്ടിന്റെ സംവിധാന സഹായിയായിട്ടാണ് കെജി ജോർജ് മലയാള സിനിമയിലേക്കെത്തുന്നത്

Written by - Jenish Thomas | Last Updated : Sep 24, 2023, 12:40 PM IST
  • നെല്ല് എന്ന സിനിമയുടെ തിരക്കഥ രചയ്താവായിട്ടാണ് ജോർജന്റെ സിനിമ പ്രവേശനം
  • സ്വപ്നാടനമാണ് ആദ്യ ചിത്രം
  • ഇലവങ്കോട് ദേശമാണ് അവസാന ചിത്രം
KG George : മരം ചുറ്റി പ്രണയത്തിൽ നിന്നും മലയാള സിനിമയെ കൈപിടിച്ച് ഉയർത്തിയ അതുല്യപ്രതിഭ; കെ.ജി ജോർജിന് വിട

നവതരംഗം സിനിമയെ മലയാളത്തിൽ അവതരിപ്പിച്ച സംവിധായകനാണ് കെജി ജോർജ് എന്ന നിസംശയം പറയാം. ആർട്ടും കച്ചവട ചിത്രങ്ങളും രണ്ട് വഴിയിലൂടെ സഞ്ചരിച്ചപ്പോൾ അവയെ സംയോജിപ്പിച്ചുകൊണ്ട് മലയാള സിനിമയിൽ ഒരു നവതരംഗം സൃഷ്ടിച്ച സംവിധായകനാണ് കെ ജി ജോർജ്. താരാധിപത്യത്തിൽ നിലനിന്നിരുന്ന മലയാള സിനിമ മേഖലയിലെ കീഴ്വഴക്കങ്ങൾ തച്ചുടച്ച ജോർജ് അവതരിപ്പിക്കുന്ന വിഷയത്തിനാണ് പ്രാധാന്യമെന്ന് തന്റെ ചിത്രങ്ങളിലൂടെ വിളിച്ചു പറഞ്ഞു. ഭരതനും പത്മരാജനും അടങ്ങിയ മലയാള സിനിമ യുഗത്തിലെ മറ്റൊരു നെടുതൂണായിരുന്നു കെജി ജോർജ്. ഇന്ന് പല പ്രമുഖ സംവിധായകരുടെയും പാഠപുസ്തകവും കൂടിയാണ് കെ.ജി ജോർജ്.

പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും സിനിമ പഠനത്തിന് ശേഷം മലയാള സിനിമയുടെ മുഖമായി മാറിയ ചെമ്മീൻ, നീലകുയിൽ എന്നീ ചിത്രങ്ങളുടെ സംവിധായകൻ രാമു കാര്യാട്ട് സഹായിയായിട്ടാണ് കെ ജി ജോർജ് തന്റെ ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്. മായയിൽ സംവിധാന സഹായിയായി എത്തിയ ജോർജ് പിന്നീട് നെല്ല് എന്ന സിനിമയിൽ രാമുകാര്യാട്ടിനൊപ്പം തിരക്കഥ രചന നിർവഹിച്ചു. എന്നാൽ തന്റെ സിനിമയിൽ രാമുകാര്യാട്ടിന്റെ നാടകീയത ഒരിക്കലും കെ ജി ജോർജ് സിനിമകളിൽ പ്രതിഫലിച്ചിരുന്നത്. പച്ചയായ ജീവിതം തന്നെയാണ് തന്റെ സിനിമകളിൽ ജോർജ് പ്രമേയമായി അവതരിപ്പിച്ചിരുന്നത്. അതിപ്പോൾ പ്രണയമാണെങ്കിലും രാഷ്ട്രീയമാണെങ്കിലും ജീവിതക്കഥയാണെങ്കിലും ഹാപ്പി എൻഡിങ്  എന്ന വാക്യം കെജി ജോർജ് സിനിമകളിൽ കാണുമെന്ന് ആരും പ്രതീക്ഷിക്കണ്ട.

മനശാസ്ത്രപരമായ വിഷയത്തിലൂടെ ആദ്യ ചിത്രമായ സ്വപ്നാടനം തിയറ്ററുകളിലേക്കെത്തിയപ്പോൾ, അന്ന് നിലനിന്നിരുന്ന പതിവ് സിനിമ ശൈലികളായ മരം ചുറ്റി പ്രണയങ്ങൾ, നൃത്തങ്ങൾ, ഗാനങ്ങൾ തുടങ്ങിയവയൊന്നും ജോർജ് തന്റെ ചിത്രത്തിൽ ഉൾപ്പെടുത്തിയില്ല. പുതുമയെ വേണ്ടത്ര രീതിയിൽ പരിചയമില്ലാതിരുന്ന സിനിമ പ്രേക്ഷകർ അന്ന് സ്വപ്നാടനം സ്വീകരിച്ചില്ലെങ്കിലും ആദ്യ ചിത്രത്തിൽ ദേശീയ പുരസ്കാരം നേടിയതോടെ കെ ജി ജോർജിന്റെ പേര് മലയാള ചലച്ചിത്ര മേഖലയിൽ മുഴങ്ങി നിന്നു. രാപ്പാടികളുടെ ഗാഥ എന്ന ചിത്രത്തിലൂടെ നഷ്ട പ്രണയത്തെ വരച്ചു കാട്ടിയപ്പോൾ ഒരിക്കലും നായകനും നായികയും അവസാനം ഒന്നിക്കണമെന്ന് ജോർജ് വാശി പിടിച്ചില്ല. പ്രണയക്കഥയുടെ മറ്റൊരു മുഖമായിരുന്നു ഉൾക്കടൽ. മലയാള സിനിമയിലെ ആദ്യ ക്യാമ്പസ് ചിത്രമായ ഉൾക്കടൽ, സ്ഥിരം പ്രണയശൈലിയിൽ ഒതുങ്ങി നിൽക്കാതെ മറ്റു തലങ്ങളും കെജി ജോർജ് തന്റെ ചിത്രത്തിൽ എടുത്തു കാട്ടി. സിനിമയുടെ പ്രധാനകഥയ്ക്ക് സമാന്തരമായി മറ്റൊരു കഥയും പറയുന്ന ചലച്ചിത്ര ശൈലിയുടെ ഒരു ഉദ്ദാഹരണമാണ് ഉൾക്കടൽ.

ALSO READ : KG George: സംവിധായകൻ കെജി ജോർജ് അന്തരിച്ചു

മലയാള സിനിമയിലെ നായക സങ്കൽപങ്ങളെ തച്ചുടച്ച് അവിടെ ചിത്രം പറയുന്ന വിഷയത്തിനാണ് പ്രധാന്യമെന്ന് വിളിച്ച് പറഞ്ഞ ചലച്ചിത്രമാണ് മേള. സർക്കസ് കൂടാരത്തിന്റെ പശ്ചാത്തലത്തിൽ  കുറിയ മനുഷ്യരുടെ മാനസിക സംഘർഷങ്ങളെ വിളിച്ചോതുകയായിരുന്നു മേളയിലൂടെ ജോർജ്. ഒപ്പം ആ ചിത്രത്തിലൂടെ മമ്മൂട്ടി എന്ന ഇന്നത്തെ മഹാനടന് മലയാള സിനിമയിൽ സ്ഥാനം ഉറപ്പിക്കുകയായിരുന്നു. മമ്മൂട്ടിയുടെ സിനിമ ചരിത്രം പറയുമ്പോൾ കെ ജി ജോർജിന്റെ സ്ഥാനം മേളയിലൂടെയാണ് ആരംഭിക്കുന്നത്. മേളയ്ക്ക് ശേഷം വന്ന മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത കുറ്റാന്വേഷണ ചിത്രം യവനികയിലെ പ്രകടനമാണ് മമ്മൂട്ടിയുടെ ഇന്നത്തെ സ്റ്റാർ വേഷങ്ങൾക്കുള്ള അടിത്തറ. ജേക്കബ് ഈരാളിയെന്ന അന്വേഷണ ഉദ്യോഗസ്ഥനായി മമ്മൂട്ടി എത്തിയപ്പോൾ പതിവ് കുറ്റാന്വേഷണ ചിത്രങ്ങളിൽ നിന്നും യവനിക മാറി നിന്നു. ആ കഥാപാത്രത്തിൽ നിന്നാണ് ആവനാഴിലെ ഇൻസ്പെകടർ ബലറാമിനും സിബിഐ സിനിമകളിളെ സേതുരാമയ്യർക്കും മമ്മൂട്ടിയുടെ മുഖം ലഭിച്ചത്.

സ്ത്രീപക്ഷ സിനിമകളുടെ മറ്റൊരു മുഖയമായിരുന്നു കെ ജി ജോർജ് ചിത്രങ്ങൾ. കേവലം നായകന് പ്രണയിക്കാനും നൃത്തം ചെയ്യാനും ഒരു സുന്ദരി എന്നതിലുപരി സിനിമ പറയുന്ന വിഷയം നായികയിൽ ചുറ്റിപറ്റി നിൽക്കുന്നതാണ് കെ ജി ചിത്രങ്ങളുടെ പ്രത്യേകത. ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് വിവാദം സൃഷ്ടിച്ചെങ്കിലും തന്റെ സിനിമയിലൂടെ ചില തുറന്ന പറച്ചിലിന് ഒരുങ്ങുകയായിരുന്നു ജോർജ്. നടി ശോഭയുടെ മരണത്തെ ആസ്പദമാക്കിയായിരുന്നു കെ.ജി ജോർജ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് ഒരുക്കിയത്. ഒരു നിയോ നോയിർ തലത്തിൽ ഡോക്യു ഡ്രാമയായിട്ടാണ് ജോർജ് ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് അവതരിപ്പിച്ചിത്. പിന്നീട് വന്ന ആദാമിന്റെ വാരിയല്ല്, സമൂഹത്തിന്റെ പല മേഖലയിലെ സ്ത്രീകളെ കുറിച്ച് ഒരു ചിത്രത്തിൽ പറയുന്ന സിനിമശൈലി ഇന്നത്തെ സിനിമകൾക്കുള്ള ഒരു പാഠപുസ്തകമായിരുന്നു. കഥയ്ക്ക് പിന്നിൽ, മറ്റൊരാൾ തുടങ്ങിയ ജോർജിന്റെ 20 ഓളം ചിത്രങ്ങളിൽ സ്ത്രീ ശബ്ദങ്ങൾ പുരുഷ കഥാപാത്രങ്ങളെക്കാൾ മുഴങ്ങി നിന്നിരുന്നു.

കെ ജി ജോർജിനെക്കുറിച്ച് പറയുമ്പോൾ പറയാതിരിക്കാൻ സാധിക്കാത്ത ചിത്രമാണ് പഞ്ചവടി പാലം. കാലത്തിന് അതീതമായി ചർച്ചയായ സിനിമയാണ് പഞ്ചവചി പാലം. സ്വന്തം ഇച്ഛയ്ക്ക് വേണ്ടി രാഷ്ട്രീയക്കാർ അഴിമതി കാണിക്കുമ്പോൾ അതിന്റെ ഭവിഷത്ത് അനുഭവിക്കുന്നത് സാധാരണക്കാരനാണ്. മലയാളത്തിന്റെ ക്രാഫ്റ്റമാൻ ആ വിഷയത്തെ ആക്ഷേപഹാസ്യത്തിലൂടെ അറിയിക്കുകയായിരുന്നു പഞ്ചവടിപാലം. സ്വരം നന്നായി നിൽക്കുമ്പോൾ തന്നെ പാടുന്നത് അവസാനിപ്പിക്കുന്നതായിരുന്നു ജോർജിന്റെ സിനിമ ജീവിതം. മലയാള സിനിമയിൽ മിമിക്രി ചിത്രങ്ങളുടെ അപ്രമാദിത്വം നിറഞ്ഞ് നിന്നിരുന്ന വേളയിലാണ് പീരിയഡ് ഡ്രാമയായി ഇലവങ്കോട് ദേശം എന്ന ചിത്രമെത്തുന്നത്. എന്നാൽ ജോർജിന്റെ ഒഴിക്കിനെതിരെയുള്ള നീന്തൽ കാണികൾ സ്വീകരിച്ചില്ല. പിന്നീട് സാമ്പത്തികമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചതോടെ കെ ജി ജോർജ് തന്റെ സിനിമ ജീവിതത്തിന് അൽപം വിരാമം ഇട്ടെങ്കിലും അത് ഇന്ന് ജീവിതവസാനം വരെ നീണ്ട് നിൽക്കുകയായിരുന്നു. എന്നാൽ മലയാള സിനിമ ഉള്ളടത്തോളം കാലം ജോർജും ജോർജ് നൽകി സിനിമ പാഠങ്ങളും നവതരംഗം സിനിമയെന്ന പേരിൽ അറിയപ്പെട്ടുകൊണ്ടിരിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News