ഇസ്രയേൽ-പലസ്തീൻ സംഘർഷം; ടെൽ അവീവ് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്

ഗാസയിലെ 14 നില പാർപ്പിട സമുച്ചയം ഇസ്രയേൽ ആക്രമണത്തിൽ തകർന്നതിന് പിന്നാലെ 130 റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവെന്ന് ഹമാസ് വ്യക്തമാക്കി

Written by - Zee Malayalam News Desk | Last Updated : May 13, 2021, 11:33 AM IST
  • വെടിനിർത്തൽ വരുംദിവസങ്ങളിൽ ഉണ്ടാകില്ലെന്ന സൂചനയാണ് ഇരുഭാ​ഗങ്ങളുടെയും നിലപാട് വ്യക്തമാക്കുന്നത്
  • ഹമാസിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണെന്ന് ഇസ്രയേൽ പ്രതിരോധ മന്ത്രി ബെന്നി ​ഗാന്റസ് പറഞ്ഞു
  • ഹമാസിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി
  • ഇസ്രയേലിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ടെൽ അവീവിലും ബീർഷേബയിലും പ്രത്യാക്രമണം ഉണ്ടായി
ഇസ്രയേൽ-പലസ്തീൻ സംഘർഷം; ടെൽ അവീവ് ആക്രമിക്കുമെന്ന മുന്നറിയിപ്പുമായി ഹമാസ്

ടെൽ അവീവ്: ഇസ്രയേൽ-പലസ്തീൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ടെൽ അവീവ് (Tel Aviv) വരെ കടന്ന് ആക്രമണം നടത്തുമെന്ന് മുന്നറിയിപ്പുമായി ഹമാസ്. ഹമാസിന്റെ ആക്രമണത്തിൽ ദക്ഷിണ ഇസ്രയേലിൽ ആറ് വയസുള്ള കുട്ടി ഉൾപ്പെടെ നിരവധി പേർ മരിച്ചു.  ഗാസയിലെ 14 നില പാർപ്പിട സമുച്ചയം ഇസ്രയേൽ ആക്രമണത്തിൽ തകർന്നതിന് പിന്നാലെ 130 റോക്കറ്റുകൾ ഇസ്രയേലിലേക്ക് തൊടുത്തുവെന്ന് ഹമാസ് വ്യക്തമാക്കി. ​ഗാസയിലെ അൽ-ഫറോക് ടവർ തകർത്തതിന്റെ തിരിച്ചടിയായാണ് 130 റോക്കറ്റുകൾ വർഷിച്ചതെന്ന് ഹമാസ് (Hamas) പറഞ്ഞു. ഹമാസിന്റെ രഹസ്യാന്വേഷണ വിഭാ​ഗം പ്രവർത്തിച്ചിരുന്ന ടവറാണ് തകർത്തതെന്ന് ഇസ്രയേൽ വ്യക്തമാക്കി.

വെടിനിർത്തൽ വരുംദിവസങ്ങളിൽ ഉണ്ടാകില്ലെന്ന സൂചനയാണ് ഇരുഭാ​ഗങ്ങളുടെയും നിലപാട് വ്യക്തമാക്കുന്നത്. ഹമാസിനെതിരെ കൂടുതൽ ആക്രമണങ്ങൾ നടത്താനുള്ള ഒരുക്കത്തിലാണെന്ന് ഇസ്രയേൽ (Israel) പ്രതിരോധ മന്ത്രി ബെന്നി ​ഗാന്റസ് പറഞ്ഞു.  ഹമാസിന് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. സംഘർഷം ഒഴിവാക്കാൻ ലോകരാഷ്ട്രങ്ങൾ ശ്രമം തുടരുന്നതിനിടെ ​ഗാസയിലും ഖാൻ യൂനിസിലും ഇസ്രയേൽ വ്യോമാക്രമണം തുടരുകയാണ്. ഇസ്രയേലിന്റെ പ്രധാന വാണിജ്യ കേന്ദ്രമായ ടെൽ അവീവിലും ബീർഷേബയിലും പ്രത്യാക്രമണം ഉണ്ടായി. വെസ്റ്റ് ബാങ്കിലും സം​ഘർഷം തുടരുകയാണ്.

ALSO READ: Israel വ്യോമാക്രമണത്തിൽ ഹമാസിന്റെ ഗാസാ സിറ്റി കമാൻഡർ കൊല്ലപ്പെട്ടു

പലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസിന്റെ (Hamas) ​ഗാസ ന​ഗര മേധാവി ബാസം ഇസ അടക്കമുള്ള നേതാക്കളെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. ഇസയുടെ മരണം ഹമാസും സ്ഥിരീകരിച്ചു. സംഘർഷം രൂക്ഷമായതിന് ശേഷം ​ഗാസയിൽ 65 പേരും ഇസ്രയേലിൽ മലയാളി നഴ്സ് അടക്കം ഏഴ് പേരും മരിച്ചു. ഇന്നലെ മാത്രം ​ഗാസയിൽ കൊല്ലപ്പെട്ടത് 26 പേരാണ്. കൊല്ലപ്പെട്ടവരിൽ 14 പേർ കുട്ടികളാണ്. യുഎൻ, ഈജിപ്ത്, ഖത്തർ എന്നിവയുടെ നേതൃ‍ത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളിൽ കാര്യമായ പുരോ​ഗതിയുണ്ടായില്ല. ചർച്ചകൾ തുടരുകയാണെന്ന് യുഎൻ പ്രതിനിധി ടോർ വെന്നസ്ലാൻഡ് പറഞ്ഞു. ഇതിനിടെ, സംഘർഷത്തെക്കുറിച്ച് പ്രസ്താവന പുറപ്പെടുവിക്കാനുള്ള യുഎൻ രക്ഷാസമിതിയുടെ നീക്കം യുഎസ് തടഞ്ഞതായും റിപ്പോർട്ടുകളുണ്ട്. ഈ ഘട്ടത്തിൽ പ്രസ്താവനയിറക്കുന്നത് പ്രശ്ന പരിഹാര ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കുമെന്നാണ് യുഎസ് നിലപാട്. സംഘർഷം ഒഴിവാക്കാൻ ഇരുവിഭാ​ഗങ്ങളോടും ഇന്ത്യ ആവശ്യപ്പെട്ടു. തൽസ്ഥിതി മാറ്റാൻ ശ്രമിക്കരുതെന്ന് യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി അഭ്യർഥിച്ചു.

ALSO READ: ഇസ്രായേൽ-ഗാസ സംഘർഷം: ഒരിക്കലും മായാത്ത ചോര പാടുകൾ

2014 ന് ശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റവും വലിയ സംഘർഷമാണ് ഇപ്പോൾ നടക്കുന്നത്. ഇസ്ലാം മത വിശ്വാസികളുടെ മൂന്നാമത്തെ വിശുദ്ധ ആരാധനാലയമായ അൽ അഖ്സയിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സംഘർഷം ആരംഭിച്ചത്. അതിനിടെ, ഇസ്രയേലിന് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ രം​​ഗത്തെത്തി. ജെറുസലേമിലെയും ടെൽ അവീവിലെയും ആക്രമണങ്ങളെ ബൈഡൻ അപലപിച്ചു. ഇസ്രയേലിലെ ജനതയെ സംരക്ഷിക്കാൻ സഹായങ്ങൾ ചെയ്യുമെന്നും ബൈഡൻ വ്യക്തമാക്കി. ഇരു രാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാർ, പ്രതിരോധ മേധാവികൾ, ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ എന്നിവരുമായി വരും ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്താനും തീരുമാനമായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News